Wednesday, April 25, 2012

റിസള്‍ട്ട്

നാളെയാണു എന്റെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ റിസള്‍ട്ട് അറിയുന്നത്. പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെങ്കില്‍ ഞാന്‍ ആവശ്യമായതു ഒരുക്കി വെച്ചിട്ടുണ്ട്.


ഉമ്മിക്കു പ്രഷറിനുള്ള ഗുളീക.
പപ്പാക്കു എന്നെ അടിക്കാനുള്ള ചൂരല്‍.
ശാബുവിനു നാടൊട്ടുക്കു ചെണ്ട കൊട്ടാനുള്ള മെഗാഫോണ്‍.

Saturday, July 4, 2009

രാജി

ന്റെ വികൃതി മാറ്റാനാണു എന്നെ മാത്രം വേറെ സ്കൂളിലേക്കു മാറ്റിച്ചേര്‍ത്തതെന്നാണൂ ശാബുവിനോടു ഉമ്മി കള്ളം പറയുന്നത്‌.
പഴയ സ്കൂള്‍ സ്വകാര്യ മാനേജ്മെന്റായതിനാല്‍ അവിടെ ഫീസു വളരെ കൂടുതലാണ്‌. എന്നാലോ ചിട്ട തീരെയൊട്ടില്ലതാനും അതാണു സത്യം.
പുതിയ സ്കൂള്‍ വളരെ ഉഷാറാണ്‌. സര്‍ക്കാര്‍ ഇംഗ്ലീഷ്‌ മീഡിയമാണ്‌. കഴിഞ്ഞകൊല്ലം എസ്‌.എസ്‌.എല്‍. സിയുടെ ആദ്യ ബാച്ചിന്റെ റിസള്‍ട്ട്‌ വന്നത്‌. 90% എല്ലാവിഷയത്തിലും എ.പ്ലസ്‌ ആയിരുന്നു.

(എന്റെ ക്ലാസ്‌ ഗേള്‍സ്‌ ഓണ്‍ലിയാണ്‌. ക്ലാസ്‌ ടീച്ചര്‍ വളരെ സ്ട്രിക്‍ടും ആണ്‌. ഞങ്ങള്‍ ചെന്നയുടനെ കുറച്ചു നേരം കലപിലകൂട്ടും, ടീച്ചര്‍ വരുന്നതു വരെ!)
.
ആദ്യ ദിവസം എന്റെ ഒച്ചയാണോ ടീച്ചര്‍ ആദ്യം ഉച്ചത്തില്‍ കേട്ടതെന്നാണു എനിക്കു സംശയം. അതോണ്ടാവും എന്നെ prefect ആക്കിയത്‌.
ക്ലാസില്‍ കലപിലയുണ്ടാക്കാന്‍ പിന്നെ എല്ലാര്‍ക്കും പേടിയായി, എനിക്കും.(ആരെങ്കിലും പരാതിപ്പെട്ടല്‍ കൂടുതല്‍ ശിക്ഷ എനിക്കായിരിക്കും).

ക്ലാസു മോണിറ്ററായിട്ടു തന്നെ കുടുങ്ങി. ഇനി തിങ്കളാഴ്ച്ച മുതല്‍ സ്കൂള്‍ അസംബ്ലിക്കു ലീഡറായി മുന്നില്‍ നില്‍ക്കേണ്ടതും ഞാന്‍ തന്നെയാണത്രേ!
താല്‍ക്കാലികമായിട്ടാണ്‌.
പക്ഷെ ടീച്ചേര്‍സിനു ബോധ്യം വന്നാല്‍ സ്ഥിരമാക്കുമെത്രേ!
പേടിയുണ്ടായിട്ടൊന്നുമല്ല.
ഞാന്‍ എട്ടാം ക്ലാസ്സിലല്ലേ! പത്താം ക്ലാസ്സിലെ കുട്ടികളുടെ മുന്നില്‍ നിന്നു
"അറ്റേന്‍ഷന്‍"
"സ്റ്റാന്‍ഡറ്റീസ്‌"
എന്നു പറയാന്‍ ഒരു ചെറിയ പേടി.
പോരാത്തതിനു ഉമ്മിയുടെ ഒരു അനുഭവം പറഞ്ഞു എന്നെ ഒരു പേടിപ്പിക്കലും!.
ഉമ്മി പണ്ടു സ്കൂളില്‍ ക്ലാസ്സു ലീഡറായിരുന്നപ്പോള്‍ ക്ലാസ്സു വിട്ടു വാതിലു പൂട്ടി താക്കോല്‍ ഓഫീസില്‍ കൊടുത്തിട്ടേ വീട്ടില്‍ പോകാന്‍ പാടുള്ളു വെന്നായിരുന്നത്രേ നിയമം!
ഉമ്മിയോടു അസൂയയുള്ള രണ്ടു കുട്ടികള്‍ സ്കൂളു വിട്ടു എല്ലാരും പോയിട്ടും പോകാതെ ബെഞ്ചിനടിയില്‍ ഒളിച്ചിരുന്നത്രേ!.
ഉമ്മി അതു കാണാതെ വാതില്‍ പൂട്ടി പോയതിനു ശേഷം അവര്‍ നിലവിളിച്ചു അയല്‍വാസികളെയൊക്കെ കൂട്ടി ജനലു കുത്തിത്തുറന്നാണു പുറത്തു വന്നത്‌.
അന്നു ഉമ്മിക്കു വാണിംഗും ശിക്ഷയും കിട്ടിയതോര്‍ത്താണു ഉമ്മി എന്നോടു ഉടനെ രാജിവെക്കാന്‍ പറയുന്നത്‌.
പക്ഷെ പപ്പയാണു എന്റെ ബലം.
അതുമാത്രമല്ല കൂട്ടുകാര്‍ക്കു ശത്രുത തോന്നുന്ന രീതിയില്‍ ഞാന്‍ അവരോടു പെരുമാറില്ല എന്ന എന്റെ ആത്മവിശ്വാസവും.
എങ്കിലും ഇടക്കിടക്കു ഞാന്‍ മാറി മാറി ചിന്തിക്കും
"രാജി വെക്കണോ? വേണ്ടയോ?.."

Wednesday, May 27, 2009

യാത്രപറയുന്നു.


കൂട്ടുകാര്‍ക്കു വിട!




അടുത്ത കൊല്ലം പുതിയ ക്ലാസ്സിലേക്കു നിങ്ങളെല്ലാം എത്തുമ്പോള്‍ ഞാന്‍ മാത്രം ഉണ്ടാവില്ല.
ഞാന്‍ എന്റെ ഉമ്മിയുടെ വീട്ടിനടുത്തുള്ള ഒരു സ്കൂളിലേക്കു മാറുകയാണ്‌.
എല്ലാവരേയും കണ്ടു യാത്രപറയാന്‍ ഇനി സ്കൂള്‍ തുറന്ന ശേഷം ഒരു ദിവസം ഞാന്‍ വരാം.

യു.എ.ഇ.യില എന്റെ ആദ്യത്തെ സ്കൂളില്‍ എനിക്കു നിങ്ങളെപ്പോലെ ഒരുപാടു കൂട്ടുകാര്‍ ഉണ്ടായിരുന്നില്ല .
അവിടത്തെ എന്റെ വണ്‍ ആന്റ്‌ ബെസ്റ്റ്‌ ഫ്രണ്ട്‌ മാളവികയെക്കുറിച്ചു ഞാന്‍ നിങ്ങളെ പലപ്പോഴും പറഞ്ഞു ബോറടിപ്പിച്ചിട്ടുണ്ട്‌.
എന്റെ ക്ലാസ്സിലെ ഏക മലയാളിക്കുട്ടി അവളായിരുന്നുതിനാലാണു ഞങ്ങള്‍ക്കു കൂടുതല്‍ അടുപ്പമുണ്ടായത്‌.
എന്നെ മലയാളം വാക്കുകള്‍ പറയാന്‍ ഏറെ സഹായിച്ചത്‌ അവളാണ്‌.
അന്നു സ്കൂളില്‍ മലയാളം പറഞ്ഞതിനു ഞങ്ങള്‍ക്കു മിസ്‌ എല്ലായ്പ്പോഴും വാണിംഗ്‌ തന്നിരുന്നു.

യു.എ.ഇ.യില്‍ ജീവിച്ച കാലത്തു അവിടന്നു എനിക്കു കിട്ടിയ സമ്മാനങ്ങളില്‍ അധികവും ടെഡ്ഡിബിയറും മറ്റു സോഫറ്റ്‌ ഡോളുകളുമായിരുന്നു.
അതൊക്കെയും ഞാന്‍ നാട്ടിലേക്കു പോന്നപ്പോള്‍ കൊണ്ടു വന്നിരുന്നു.
എന്റെ കളക്ഷനില്‍ മാളവികക്കു ഏറെ ഇഷ്ടപ്പെട്ട ഒരു ടെഡ്ഡിബിയര്‍ ഒഴിച്ച്‌.
( അതു പോരുന്നതിന്റെ തൊട്ടു മുന്‍പത്തെ വെള്ളിയാഴ്ച്ച മാളവിക എന്റെ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ അവള്‍ക്കു കൊടുത്തിരുന്നു).

എന്റെ പപ്പാന്റെ ബോസിന്റെ മകള്‍ എനിക്കു സമ്മാനിച്ചതായിരുന്നു അത്‌.
അതായിരുന്നു എനിക്കും എറ്റവും ഇഷ്ടപ്പെട്ടിരുന്നത്‌.
പുതിയ സ്കൂളിലും എനിക്കു നിങ്ങളെപ്പോലെ നല്ല കൂട്ടുകാരികളെ കിട്ടണേ എന്നാണു എന്റെ പ്രാര്‍ത്ഥന.
നല്ല മാര്‍ക്കു വാങ്ങാനും നല്ല കുട്ടിയാണെന്നു എല്ലാരെകൊണ്ടും പറയിക്കാനും എനിക്കു ഭാഗ്യമുണ്ടാവട്ടെ എന്നു നിങ്ങളും പ്രാര്‍ത്ഥിക്കണം.

ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്ത കൂട്ടുകാരികളോടുള്ള യാത്രചോദിക്കലാണിത്‌.
മെയ്‌ 24നു എല്ലാരെയും വീട്ടിലേക്കു വിളിക്കണമെന്നുണ്ടായിരുന്നു.
മുത്തുമ്മാക്കു സുഖമില്ലാതായതിനാല്‍ അതിനു പറ്റിയില്ല.

കമ്പ്യൂട്ടര്‍ ക്ലാസ്സിലെ ടീച്ചറോടു പറഞ്ഞു ഇടക്കിടക്കു എന്റെ ഈ ബ്ലോഗില്‍ നോക്കണം.
ടി.സി. വാങ്ങിക്കാന്‍ വന്നപ്പോള്‍ കുറച്ചു ടീച്ചേര്‍സിനെയെല്ലാം കണ്ടിരുന്നു.
യാത്ര ചോദിച്ചപ്പോള്‍ എനിക്കു ഒരു പാടു സങ്കടം വന്നു.
പ്രത്യേകിച്ചു ഹിന്ദി ടീച്ചറോട്‌.

എല്ലാര്‍ക്കും സമ്മാനിക്കാന്‍ മാത്രം 11 ടോയ്സ്‌ നിങ്ങള്‍ക്കായി ഇവിടെയുണ്ട്‌.
നിങ്ങളെ ആരെയും കാണുന്നില്ലങ്കിലും ഈ യാത്രപറയുമ്പോള്‍ എനിക്കു വീണ്ടും കണ്ണീരു വരുന്നുണ്ട്‌...